പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും ആവും മത്സരിക്കുക.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായിരുന്നു. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 27ലും എൽഡിഎഫ് വിജയിച്ചു. 88 ഗ്രാമപഞ്ചായത്തുകളിൽ 62ലും, 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ലും, ഏഴ് മുനിസിപ്പാലിറ്റികളിൽ അഞ്ചിലും എൽഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞതവണ നഷ്ടപ്പെട്ടവ ഇത്തവണ തിരിച്ചുപിടിക്കുമെന്നും സുരേഷ്ബാബു പറഞ്ഞു.










