രാജ്യത്ത് തന്നെ സിപിഎമ്മിന് ഏറ്റവും അധികം ശക്തിയുള്ള പ്രദേശമാണ് കണ്ണൂർ. ഒരുപക്ഷേ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും നിർണായകമായ സ്ഥലം കണ്ണൂർ തന്നെയെന്ന് വേണമെങ്കിൽ പറയാം. ഇന്ന് സർക്കാരിനെയും പാർട്ടിയെയും നയിക്കുന്നത് കണ്ണൂരിലെ സിപിഎം നേതൃത്വം തന്നെയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തേക്കും സർക്കാരിന്റെ നേതൃസ്ഥാനത്തേക്കും കണ്ണൂരിലെ സഖാക്കളെത്തിയത് ഒരുപാട് പോരാട്ടങ്ങൾ നടത്തിയായിരുന്നു. സ്വന്തം പാർട്ടിയിലെ പലരെയും വെട്ടി വീഴ്ത്തിയാണ് കണ്ണൂർ ലോബി സിപിഎമ്മിന്റെ നേതൃസ്ഥാനങ്ങൾ കയ്യടക്കിയത്. ശക്തമായ ഭരണവിരുദ്ധ തരംഗം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. ഒരുപക്ഷേ ഭരണം പോലും കൈവിട്ടു പോകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂർ പോലെയുള്ള കോട്ടകൾ കൈവിട്ടു പോകാതെ ഇരിക്കുവാനുള്ള പരമാവധി പരിശ്രമങ്ങൾ സിപിഎം കാട്ടുന്നത്.
ഈ തലമുറയിൽ കേരള രാഷ്ട്രീയത്തിൽ കണ്ണൂർ രാഷ്ട്രീയത്തെ ശ്രദ്ധേയനാക്കിയ നേതാവ് അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു. ഒരേസമയം സൗമ്യനും ഉറച്ച നിലപാടുകളെ പിന്തുടർന്ന ആളുമായിരുന്നു കോടിയേരി. കണ്ണൂർ രാഷ്ട്രീയത്തിനും സിപിഎമ്മിനും കനത്ത നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന്റെ ചുവടുപിടിച്ച് രാഷ്ട്രീയത്തിലും സിപിഎമ്മിലും സജീവമാവുകയാണ് ഇളയ മകൻ ബിനീഷ് കോടിയേരി. ഏറെ വിവാദങ്ങളും കേസുകളും നിറഞ്ഞ ജീവിതമായിരുന്നു ബിനീഷിന്റേത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയില്ലെങ്കിലും വിദേശത്തെ മലയാളിയുടെ കമ്പനിയിൽ വൈസ് പ്രസിഡന്റ് പദവിയും മികച്ച ശമ്പളവും നേടി. പക്ഷേ, മിക്കവാറും സമയം ഇവിടെ തന്നെയായിരുന്നു.
അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ഏറെ അന്വേഷണങ്ങൾ നടന്നിരുന്നു. ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ജയിൽവാസം പോലും അനുഭവിക്കുകയുണ്ടായി. പിന്നീട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ബിനീഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മകൻ ബിനീഷിന്‍റെ അറസ്റ്റിന്‍റെ പിന്നാലെ തന്‍റെ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിയിരുന്നു. 2020 ഓഗസ്റ്റിലായിരുന്നു ബിനീഷ് കോടിയേരിയുടെ അറസ്റ്റ്. കന്നട സീരിയൽ നടി അനിഖയാണ് മയക്കുമരുന്ന് കേസിലെ ഒന്നാം പ്രതി. ബിനീഷിന്‍റെ സുഹൃത്ത് അനൂപ് രണ്ടാം പ്രതിയായിരുന്നു. തന്നെ കുടുക്കിയ കള്ളപ്പണം വെളുപ്പിക്കൽ കേസിനു പിന്നിൽ ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ പാർട്ടിയാണെന്നായിരുന്നു അന്ന് ബിനീഷ് പറഞ്ഞിരുന്നത്. ഭാവി മുഖ്യമന്ത്രിയെന്നു പോലും ഒരുവേള വിശേഷിപ്പിക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്റെ വഴികൾ എക്കാലത്തും വിവാദങ്ങൾ കൊണ്ടു മൂടിയത് ആയിരുന്നു.






