തൃശൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം ശക്തമായി പ്രകടമായ തിരഞ്ഞെടുപ്പിനിടയിലും കയ്പമംഗലം നിയമസഭാ മണ്ഡലം എൽഡിഎഫ് കൈവിട്ടില്ല. സിപിഐ സ്ഥാനാർത്ഥി കെ.കെ. വത്സരാജ് യുഡിഎഫ് സ്ഥാനാർത്ഥി ടി.എം. നാസറിനെ 9,944 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ഇടതുകോട്ട ഉറപ്പിച്ചു. വത്സരാജ് 65,448 വോട്ടുകൾ നേടിയപ്പോൾ നാസർ 55,504 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥിയായ ബിഡിജെഎസിന്റെ അതുല്യ ഘോഷ് 19,688 വോട്ടുകൾ നേടി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളജിൽ ബിരുദം നേടിയ വത്സരാജ് എഐവൈഎഫ് ജില്ലാ നേതൃത്വത്തിലൂടെ പാർട്ടിയിൽ ഉയർന്നുവന്ന നേതാവാണ്. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയായി പത്ത് വർഷം പ്രവർത്തിച്ച അദ്ദേഹം പിന്നീട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായി. സി.എൻ. ജയദേവൻ എംപിയായതിനെ തുടർന്ന് തൃശൂർ ജില്ലാ സെക്രട്ടറിയായും ചുമതലയേറ്റു. 1999 മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായ വത്സരാജ് വിവിധ തൊഴിലാളി യൂണിയനുകളിലും സജീവ സാന്നിധ്യമായിരുന്നു.
എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലം 2008ലെ പുനർനിർണ്ണയത്തോടെയാണ് നിലവിൽ വന്നത്. 2011 മുതൽ തുടർച്ചയായി സിപിഐ ജയിച്ചുവരുന്ന മണ്ഡലമാണിത്. ആദ്യ തിരഞ്ഞെടുപ്പിൽ വി.എസ്. സുനിൽ കുമാർ വിജയിച്ചതിന് പിന്നാലെ 2016ലും 2021ലും ഇ.ടി. ടൈസൺ മാസ്റ്റർ വിജയം ആവർത്തിച്ചിരുന്നു. ഇത്തവണയും ആ പാരമ്പര്യം വത്സരാജ് തുടരുകയായിരുന്നു.




