അലഹബാദ്: ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. ക്യാമ്പസിലെ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന അവസ്ഥയിലാണെന്നും മതിയായ ശുചിമുറികളും കുടിവെള്ള സൗകര്യങ്ങളും ലഭ്യമല്ലെന്നും ആരോപിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള പ്രധാന കെട്ടിടങ്ങളുടെ സ്ഥിതിയും ശോചനീയമാണെന്ന് വിദ്യാർഥികൾ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മഴ പെയ്യുമ്പോൾ ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും വെള്ളം കയറുന്ന സാഹചര്യമാണുള്ളതെന്ന് വിദ്യാർഥികൾ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2017 മുതൽ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം സീറ്റുകൾ വെട്ടിക്കുറച്ച് മികച്ച നാക് അക്രഡിറ്റേഷൻ നേടുന്നതിനാണ് സർവകലാശാല അധികൃതർ ശ്രമിക്കുന്നതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് മികച്ച റാങ്കിങ് നിലനിർത്തുന്നതിനായി ഓരോ കോഴ്സിലെയും വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുകയാണെന്നും ഇതോടൊപ്പം ഫീസ് ഗണ്യമായി വർധിപ്പിച്ചെന്നും അവർ പറഞ്ഞു.
പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ വൈസ് ചാൻസലർ പ്രതികാര നടപടികൾ സ്വീകരിക്കുന്നതായും വിദ്യാർഥികൾ ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് വിദ്യാർഥികളെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും ഇവരെ തിരിച്ചെടുക്കാൻ സർവകലാശാല അധികൃതർ തയ്യാറാകുന്നില്ലെന്നും അവർ വ്യക്തമാക്കി.


