കോട്ടയം: സമുദായപരമായ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും മന്നത്ത് പത്മനാഭന്റെ ദിശാനിർദേശമാണ് എൻഎസ്എസ് പിന്തുടരുന്നതെന്നുമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻഎസ്എസിന്റെ പുതിയ ആസ്ഥാന മന്ദിരം പണിയുന്നതായും കാലത്തിന്റെ മാറ്റങ്ങൾ സ്വീകരിച്ച് സംഘടന മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കിടയിലാണ് സുകുമാരൻ നായർ തന്റെ നിലപാട് വീണ്ടും ആവർത്തിച്ചത്.
“രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ മാത്രമാണ് അഭിപ്രായം പറഞ്ഞത്. പ്രതിഷേധങ്ങൾ ഉണ്ടാകട്ടെ, ഞങ്ങൾ അതിന് തയ്യാറാണ്. ആരെയും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. നിലപാടിൽ മാറ്റമില്ല, എല്ലാവരും അത് അംഗീകരിച്ചു,” – സുകുമാരൻ നായർ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിനുശേഷം സംസ്ഥാന സർക്കാരിനെ അനുകൂലിച്ചുള്ള സുകുമാരൻ നായരുടെ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചയായിരുന്നു. “ഈ സർക്കാരിൽ വിശ്വാസമുണ്ട്” എന്ന പ്രഖ്യാപനത്തോടെയാണ് അദ്ദേഹം ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതോടൊപ്പം യുഡിഎഫ്, ബിജെപി എന്നീ മുന്നണികളെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്നും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. പത്തനംതിട്ട, കോട്ടയം പൂഞ്ഞാർ മേഖലകളിൽ അദ്ദേഹത്തിനെതിരെ ഫ്ളക്സ്, ബാനറുകൾ തുടങ്ങിയവ പ്രത്യക്ഷപ്പെട്ടു. “സ്വന്തം കുടുംബത്തിനുവേണ്ടി സമുദായത്തെ പിറകിൽ നിന്ന് കുത്തിയ ആളാണ് സുകുമാരൻ നായർ” എന്നായിരുന്നു ഒരു ഫ്ളക്സ് സന്ദേശം. സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതിഷേധിച്ച് ചിലരാണ് എൻഎസ്എസ് അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. ചങ്ങനാശ്ശേരി പുഴവാതിൽ സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി, മക്കളായ ആകാശ്, ഗൗരി എന്നിവരാണ് അംഗത്വം രാജിവച്ചത്.






