ചാലക്കുടി: ശക്തമായ കാറ്റിലും മഴയിലും ചാലക്കുടിയിൽ കനത്ത നാശം. പുഴകൾ നിറഞ്ഞ് കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. പലയിടത്തും റോഡുകളിലേക്കും വീടുകളിലേക്കും വെള്ളം കയറി. മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ വീണു.
പരിയാരം പഞ്ചായത്തിലെ മംഗലന്‍ കോനയിലും കൂടപ്പുഴ കുട്ടാടന്‍പാടത്തും വീടുകളിലേക്ക് വെള്ളം കയറി. മംഗലന്‍ കോനയിലെ 13 വീട്ടുകാരെ പരിയാരം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ററി സ്‌കൂളിലേക്ക് മാറ്റി. മുരിങ്ങൂര്‍ ഡിവൈന്‍ കോളനിയിലും വെള്ളം കയറി.
കാടുകുറ്റി ചാത്തന്‍ചാല്‍ റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. സതേണ്‍ കോളജിന് സമീപം റെയില്‍വെ അടിപ്പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.തിരുത്തിപറമ്പ്, കാരൂര്‍ എന്നീ റോഡുകളിലും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.






