കോഴിക്കോട്: തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് ഗൗരവമായി പരിശോധിക്കണമെന്ന് സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. തുടർച്ചയായ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അധികാരസ്ഥാനത്തിരിക്കുന്നവർ സ്വകാര്യ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ കൂടുതൽ സുതാര്യത വേണമെന്നും ‘ആദ്യപരീക്ഷണത്തിലെ രാഷ്ട്രീയ സന്ദേശം’ എന്ന മുഖപ്രസംഗത്തിൽ പറയുന്നു. സെപ്റ്റംബർ 29ന് പുറത്തുവന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലത്തിൽ യു.ഡി.എഫ് 19 സീറ്റുകളും എൽ.ഡി.എഫ് 18 സീറ്റുകളും നേടിയിരുന്നു.
വി.ഡി. സതീശൻ സർക്കാർ അധികാരത്തിലെത്തി 135 ദിവസത്തിനിടെ ഉയർന്നുവന്ന വിവാദങ്ങളെ ഭരണത്തിന്റെ ആദ്യഘട്ടത്തിലെ സ്വാഭാവിക രാഷ്ട്രീയ ബലപരീക്ഷണങ്ങളായി മാത്രം കാണുന്നത് എളുപ്പമാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകൾ കണക്കിലെടുത്ത് ഭരണത്തിന്റെ ആദ്യനാളുകളിൽ തന്നെ ജനങ്ങൾക്കിടയിൽ രൂപപ്പെടുന്ന പ്രതിച്ഛായയെക്കുറിച്ച് യു.ഡി.എഫ് ആത്മപരിശോധന നടത്തേണ്ട സമയമാണെന്നും ‘സുപ്രഭാതം’ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ യു.ഡി.എഫിന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടതും എൽ.ഡി.എഫിന് നേട്ടമുണ്ടാക്കിയതും ശ്രദ്ധേയമാണെന്ന് മുഖപ്രസംഗം വിലയിരുത്തുന്നു. അധികാരത്തിലെത്തി നാല് മാസം തികയും മുമ്പ് യു.ഡി.എഫിന് എന്തുകൊണ്ട് തിളക്കം നഷ്ടപ്പെട്ടുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ പൊതുരാഷ്ട്രീയ രംഗത്ത് ഉയർന്നുവന്ന വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വ്യക്തവും സ്വീകാര്യവുമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നോയെന്ന ചോദ്യവും മുഖപ്രസംഗം ഉന്നയിക്കുന്നു. ഇത്തരം വിഷയങ്ങൾ സാധാരണ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതിൽ അതിശയിക്കാനില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
മലപ്പുറം ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, മന്ത്രിമാരുടെ വിദേശയാത്രകളിലെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ, ഔദ്യോഗിക ബോർഡും നമ്പറും പതിച്ച സ്വകാര്യ വാഹനം മന്ത്രി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം എന്നിവ സർക്കാരിന്റെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചതായി മുഖപ്രസംഗം പറയുന്നു.
ഖജനാവിന് സാമ്പത്തിക ബാധ്യതയില്ലെന്ന വിശദീകരണം ഉണ്ടായാലും അധികാരസ്ഥാനത്തിരിക്കുന്നവർ സ്വകാര്യ സൗകര്യങ്ങൾ സ്വീകരിക്കുമ്പോൾ പാലിക്കേണ്ട സുതാര്യതയും ഔചിത്യവും സംബന്ധിച്ച ചോദ്യങ്ങൾ നിലനിൽക്കുന്നുവെന്നും ‘സുപ്രഭാതം’ ചൂണ്ടിക്കാട്ടുന്നു. ചെറിയ വിവാദങ്ങളെ രാഷ്ട്രീയ ആരോപണങ്ങളായി തള്ളിക്കളയുന്നതിനു പകരം അവയിൽനിന്ന് പാഠമുൾക്കൊള്ളണം. സ്വകാര്യ സൗകര്യങ്ങളുടെ ഉപയോഗത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കണം, നയപരമായ മാറ്റങ്ങളിൽ വ്യക്തത വേണം, മാധ്യമങ്ങളോടും വിമർശകരോടും കൂടുതൽ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം. അധികാരവും സ്വകാര്യ താൽപര്യങ്ങളും തമ്മിലുള്ള അതിർത്തി കൂടുതൽ കർശനമായി പാലിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.




