കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ ശനിയാഴ്ച (ഡിസംബർ 13) രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണലും നടക്കുക. കൂടാതെ, ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഒരു ഡിവിഷന് ഒന്നുവീതം 23 ടേബിളുകൾ സജ്ജമാക്കി.
രാവിലെ ഏഴ് മണിക്ക് സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കൺട്രോൾ യൂണിറ്റുകൾ അതത് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ വോട്ടെണ്ണൽ ഹാളുകളിലേക്ക് മാറ്റും. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഇത് പൂർത്തിയായാലുടൻ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ ബൂത്തിലെയും വോട്ടുകൾ എണ്ണിത്തീരുന്നതിനനുസരിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾക്കും അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർക്കും പാസ് ഉള്ള കൗണ്ടിംഗ് ഏജന്റുമാർക്കും ചുമതലയുള്ള ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും പ്രവേശനം.
ജില്ലയിൽ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലായി ആകെ 5281 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
വോട്ടെണ്ണൽ കേന്ദ്രങ്ങൾ ചുരുക്കത്തിൽ:
ബ്ലോക്ക് പഞ്ചായത്തുകൾ: വൈക്കം (സത്യാഗ്രഹ മെമ്മോറിയൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ), കടുത്തുരുത്തി (സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്.), ഏറ്റുമാനൂർ (സെന്റ് അലോഷ്യസ് എച്ച്.എസ്.എസ്. അതിരമ്പുഴ), ഉഴവൂർ (ദേവമാതാ കോളജ്, കുറവിലങ്ങാട്), ളാലം (കാർമൽ പബ്ലിക് സ്‌കൂൾ, പാലാ), ഈരാറ്റുപേട്ട (സെന്റ് ജോർജ്ജ് കോളജ് അരുവിത്തുറ), പാമ്പാടി (ടെക്‌നിക്കൽ ഹൈസ്‌കൂൾ, വെളളൂർ), പള്ളം (ഇൻഫന്റ് ജീസസ് ബഥനി കോൺവെന്റ് എച്ച്.എസ്.എസ്. മണർകാട്), മാടപ്പള്ളി (എസ്.ബി എച്ച്.എസ്.എസ്. ചങ്ങനാശേരി), വാഴൂർ (സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് പാരിഷ് ഹാൾ നെടുംകുന്നം), കാഞ്ഞിരപ്പള്ളി (സെന്റ് ഡൊമനിക് എച്ച്.എസ്.എസ്.).
നഗരസഭകൾ: ചങ്ങനാശേരി (നഗരസഭാ കോൺഫറൻസ് ഹാൾ), കോട്ടയം (ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ), വൈക്കം (നഗരസഭാ കൗൺസിൽ ഹാൾ), പാലാ (നഗരസഭാ കൗൺസിൽ ഹാൾ), ഏറ്റുമാനൂർ (എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ), ഈരാറ്റുപേട്ട (അരുവിത്തുറ സെന്റ് ജോർജ് കോളജ് ഗോൾഡൻ ജൂബിലി ബ്ലോക്ക്).




