കോട്ടയം: കേരളത്തിൽ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി ആഴ്ചകൾ നീണ്ട പരസ്യ പ്രചാരണങ്ങൾക്ക് ഇന്ന് വൈകിട്ട് ആറിനു കലാശക്കൊട്ട്. പരസ്യ പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് മൂന്നു മുന്നണികളും.
രാഷ്ട്രിയ പാർട്ടിക്കൾ തമ്മിൽ സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും, പോലീസിന്റെയും നിരീക്ഷണം ഉണ്ടാകും. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പതിമുന്നിന് ആണ് വോട്ടെണ്ണൽ.
മുന്നണികൾ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങളും ഒന്നിനു പിന്നാലെ എത്തിയ വിവാദങ്ങളും ആവേശം പകർന്ന പ്രചാരണത്തിനാണ് ഇന്നു തിരശീല വീഴുന്നത്. കലാശക്കൊട്ട് കഴിഞ്ഞാൽ നാളെ നിശ്ശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. അതിനിടയിൽ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോളിങ് സാധനങ്ങളുടെ വിതരണത്തിനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
അവസാന പ്രചാരണമെന്ന നിലയിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ ആരംഭിച്ച അനൗൺസ്മെന്റുകൾ ഇന്നു കൂടി തെരുവുകളെ ശബ്ദമുഖരിതമാക്കും. വോട്ടർമാർക്കുള്ള ബൂത്തിൽ ഉപയോഗിക്കുന്ന സ്ലിപ്പ് വിതരണവും അവസാന നിലയിൽ ആണ്. പ്രചാരണ പരിപാടികളിൽ സ്വതന്ത്രന്മാരും ഒട്ടും പിറകോട്ടല്ല.






