മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. നവംബര്‍ 25 മുതല്‍ 28 വരെ വിവിധ ബാച്ചുകളിലായി 28 കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ഒന്നാം ഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയാക്കി 40 ശതമാനം റിസര്‍വ് ഉള്‍പ്പെടെ ആകെ 20848 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
ജില്ലയിലെ 122 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2789 വാര്‍ഡ്/ ഡിവിഷനുകളിലായി ആകെ 4343 പോളിങ് സ്റ്റേഷനുകളാണുള്ളത്. 12 നഗരസഭകളിലായി 566 പോളിങ് സ്റ്റേഷനുകളും 15 ബ്ലോക്കുകളിലായി 3777 പോളിങ് സ്റ്റേഷനുകളുമുണ്ട്. പോത്തുകല്‍ പഞ്ചായത്തിലെ വാണിയംപുഴ പോളിങ് സ്റ്റേഷനും കരുളായി പഞ്ചായത്തിലെ നെടുങ്കയം പോളിങ് സ്റ്റേഷനും വനത്തിനകത്തുള്ള ട്രൈബല്‍ സ്പെഷ്യല്‍ ബൂത്തുകളാണ്.
ഇത്രയും പോളിങ് സ്റ്റേഷനുകളിലേക്കായി 4343 വീതം പ്രസൈഡിങ് ഉദ്യോഗസ്ഥരെയും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥരെയും 8686 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഒരു പോളിങ് ബൂത്തില്‍ ഒന്നു വീതം പ്രസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. ഇത് കൂടാതെ 289 സെക്ടറല്‍ ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ ആറിന് നടക്കുന്ന രണ്ടാം ഘട്ട റാന്ഡമൈസേഷനോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് പൂര്‍ണമാകും.






