കൊച്ചി : സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ അറസ്റ്റുകൾ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ, മെറ്റയിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനുശേഷമായിരിക്കും കൈക്കൊള്ളുക.കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്റെ ഭാര്യ ഷെർളിയും സൈബർ ആക്രമണത്തിനിരയായതായി പരാതി നൽകിയിട്ടുണ്ട്. തന്റെ ഫോട്ടോകൾ ഉൾപ്പെടെ ലൈംഗികാധിക്ഷേപ കമന്റുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായി ആരോപിച്ച്, വടക്കൻ പറവൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. കുടുംബത്തിനെതിരായ അതിക്രമമാണിതെന്ന് ഷെർളി പറയുന്നു.
സിപിഎം നേതാവ് കെ ജെ ഷൈനിനും വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും നേരിടുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, സാമൂഹ്യ മാധ്യമ പോസ്റ്റുകളുടെ ഉറവിടം വ്യക്തമാക്കുന്നതിന് മെറ്റയിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നൽകി.ഇതുവരെ 100ലേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ചിരുന്നുണ്ടെന്നും കൂടുതൽ പേരെ കേസിൽ പ്രതിചേർക്കാനിടയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കേസിലെ ഒന്നാം പ്രതിയായ കോൺഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യാനുളള നീക്കം നടക്കുകയാണ്. എന്നാൽ ഇയാൾ നാട്ടിലില്ലെന്നാണുള്ള വിവരം. അതേസമയം, സിപിഎം പ്രവർത്തകർ ഇന്നലെ രാത്രി ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് കെ ജെ ഷൈനും എംഎൽഎ കെ എൻ ഉണ്ണികൃഷ്ണനും മുനമ്പം ഡിവൈഎസ്പിക്ക് മൊഴി നൽകിയിട്ടുണ്ട്. സിപിഎം എംഎൽഎമാരായ പി വി ശ്രീനിജൻ, കെ ജെ മാക്സി, ആൻറണി ജോൺ എന്നിവരുടെയും മൊഴികൾ അന്വേഷണ സംഘം ശേഖരിക്കും.






