തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ബാലറ്റിലെ സ്ഥാനാർഥികളുടെ സ്ഥാനക്രമം മുന്നണി സ്ഥാനാർഥികൾക്ക് കടുത്ത ഭീഷണിയുയർത്തുന്നു. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ദേശീയ, സംസ്ഥാന, അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന മുൻഗണന തദ്ദേശ തിരഞ്ഞെടുപ്പിലില്ല. മലയാളം അക്ഷരമാല ക്രമത്തിൽ ചേർക്കുന്നതിനാൽ മിക്കയിടങ്ങളിലും പട്ടികയിൽ ആദ്യം സ്വതന്ത്രരും വിമതരുമാണുള്ളത്. ചിലയിടങ്ങളിൽ അപരർ പോലും ബാലറ്റിൽ ഒന്നാം സ്ഥാനത്താണ്. സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രമാണ് തദ്ദേശ ബാലറ്റിലുണ്ടാകുക.
സംസ്ഥാന പാർട്ടികളിലെയും സ്ഥാനാർഥികളെ അക്ഷരമാല ക്രമത്തിലും തുടർന്ന് മറ്റു റജിസ്റ്റേഡ് പാർട്ടികളിലെ സ്ഥാനാർഥികളെ അതിനു താഴെയും ചേർക്കുന്നതാണ് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രീതി. പേരും ഫോട്ടോയും ചിഹ്നവുമുള്ളതിനാൽ അപരർക്കിടയിൽ നിന്നു സ്ഥാനാർഥിയെ തിരിച്ചറിയാൻ എളുപ്പമാണ്. ഇതുപോലെ തദ്ദേശത്തിലും വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത്തവണയും മാറ്റത്തിനു കമ്മിഷൻ തയാറായിട്ടില്ല. തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയുള്ളതിനാൽ ഇനിയെങ്കിലും ഇക്കാര്യം പരിഗണിക്കണമെന്നു പാർട്ടികൾ ആവശ്യപ്പെടുന്നു.






