ബെംഗളൂരു: ഓട്ടോറിക്ഷകൾക്ക് ആവശ്യമായ എൽ.പി.ജി.യുടെ ക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിൽ. എൽ.പി.ജി. വിതരണം നടത്തിയിരുന്ന പമ്പുകളിൽ പകുതിയോളം അടച്ചിട്ടിരിക്കുകയാണ്. പ്രവർത്തിക്കുന്ന പമ്പുകളിൽ വാതകം നിറയ്ക്കാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ രാവിലെ തന്നെ പമ്പുകൾക്കുസമീപം എൽ.പി.ജി.യ്ക്കായി കാത്തുനിൽക്കുന്ന ഓട്ടോറിക്ഷകളുടെ നീണ്ട നിര പതിവായി മാറി. ചില സ്ഥലങ്ങളിൽ രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെ നീളുന്ന നിരയാണ് കാണുന്നത്.
പൊതുമേഖലാ പമ്പുകളിൽ വിലയിൽ വലിയ മാറ്റമില്ലെങ്കിലും സ്വകാര്യ ഏജൻസികൾ നിരക്ക് ഗണ്യമായി ഉയർത്തിയിട്ടുണ്ട്. നഗരത്തിലെ വിതരണം വർധിപ്പിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിട്ടും പല പമ്പുകളും ഇപ്പോഴും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇന്ധനവില ഉയർന്നതോടെ ഓട്ടോറിക്ഷ നിരക്കിലും വർധനവുണ്ടായി. ആപ്പ് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകളും യാത്രാ നിരക്ക് കൂട്ടിയിട്ടുണ്ട്.




