തൃശ്ശൂർ: മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബിജെപിയുടെ പിന്‍ന്തുണയോടെ ഭരണത്തിലെത്തി. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് ജയിച്ച എട്ട് മെമ്പര്‍മാരാണ് രാജിവെച്ചത്. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡിസിസി പ്രസിഡണ്ടിന്റിന് അയച്ച രാജി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് രാജി സമര്‍പ്പിച്ചത്.
സ്വതന്ത്രയായി മത്സരിച്ച ടെസി ജോസിനെ പ്രസിഡണ്ട് സ്ഥാനര്‍ത്ഥിയായി നിശ്ചയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ കെ.ആര്‍ ഔസേപ്പിനെ ബിജെപി ജനപ്രതിനിധികളുടെ പിന്തുണയോടെ ടെസ്സി ജോസ് പാരാജയപ്പെടുത്തുകയായിരുന്നു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടു പിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ നൂര്‍ജഹാന്‍ നവാസിനെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു.






