ലണ്ടൻ: വൻ സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിലെ സേവനങ്ങൾ തടസ്സപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലാണ് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിന് യാത്രക്കാരാണ് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായത്. എന്നാൽ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളങ്ങൾ ബാധിക്കപ്പെട്ടിട്ടില്ല.
കോൾിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെയാണ് ആക്രമണം ലക്ഷ്യമിട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹീത്രോ വിമാനത്താവളം സർവീസുകൾ വൈകുമെന്നു വ്യക്തമാക്കി. ബ്രസ്സൽസിൽ ചെക്ക്-ഇൻ, ബോർഡിംഗ് സേവനങ്ങൾ തടസ്സപ്പെട്ടു. കംപ്യൂട്ടർ സംവിധാനങ്ങൾ പ്രവർത്തനരഹിതമായതിനാൽ ജീവനക്കാർ മാനുവൽ രീതിയിൽ യാത്രക്കാരെ സഹായിക്കാൻ നിർദേശിക്കപ്പെട്ടു.
ബെർലിൻ വിമാനത്താവളം വെബ്സൈറ്റിലൂടെ യാത്രാ തടസത്തെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടു. സാങ്കേതിക പ്രശ്നം തുടരുന്നതായാണ് കോൾിൻസ് എയ്റോസ്പേസ് അറിയിച്ചത്.






