പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി സംവിധായകനും നടനുമായ മേജർ രവി മത്സരിക്കാനിടയെന്ന് സൂചന. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ അദ്ദേഹം ഇതിനകം സന്ദർശിച്ചു. സിനിമാരംഗത്തെ ജനപ്രീതി തിരഞ്ഞെടുപ്പിൽ നേട്ടമാകുമെന്ന വിലയിരുത്തലിലാണ് എൻഡിഎ നേതാക്കൾ. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒറ്റപ്പാലത്ത് കാൽലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് മുന്നണി.
അതേസമയം, തിരുവനന്തപുരം വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് പാർട്ടി അറിയിച്ചു. ഇന്ന് രാവിലെ പത്തരയ്ക്ക് മണ്ഡലത്തിൽ ചുവരെഴുത്ത് ആരംഭിക്കുമെന്നും അറിയിച്ചു. മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ പാർട്ടി നേതൃത്വം ശ്രീലേഖയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ചിരുന്നെങ്കിലും മേയർ സ്ഥാനത്ത് എത്താനായില്ലെന്ന അസന്തോഷം ശ്രീലേഖയ്ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയതെന്നാണ് വിവരം.






