തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടത്-വലത് പക്ഷങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയപ്പോൾ ബിജെപി നേരിട്ടത് കനത്ത തിരിച്ചടി. 2025ലെ തദ്ദേശതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് ഇത്തവണ പതിനേഴായിരത്തോളം വോട്ടുകളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 39,836 വോട്ടുകൾ നേടിയിടത്തു നിന്ന് ഇത്തവണ പാർട്ടി വോട്ടുകൾ 22,950 ആയി കുറഞ്ഞു. തിരുവനന്തപുരത്തെ കല്ലറ, പാലക്കാട്ടെ പല്ലശ്ശന, കോട്ടയത്തെ തൃക്കൊടിത്താനം എന്നീ ജില്ലാ ഡിവിഷനുകളിലാണ് ബിജെപി വോട്ടുകളിൽ വലിയ ചോർച്ചയുണ്ടായത്.
കഴിഞ്ഞ തവണ പതിനായിരത്തിന് മുകളിൽ വോട്ട് നേടിയ തിരുവനന്തപുരം കല്ലറ ഡിവിഷനില്‍ ഇത്തവണ 4,158 വോട്ടുകളായി ചുരുങ്ങി. പാലക്കാട് പല്ലശന ഡിവിഷനില്‍ 6,294 വോട്ടിന്റെ കുറവുണ്ടായി. കോട്ടയം തൃക്കൊടിത്താനം ഡിവിഷനില്‍ 2,735 വോട്ടുകളുടെ ചോർച്ചയും രേഖപ്പെടുത്തി. സംഘടനാപരമായ ദൗർബല്യങ്ങളാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. വോട്ടുചോർച്ച സംബന്ധിച്ച് വിശദമായ പരിശോധന ബിജെപി നേതൃത്വം ഉടൻ നടത്തും.
ഉപതെരഞ്ഞെടുപ്പിൽ മുന്നിലെത്തിയത് യുഡിഎഫ് ആണെങ്കിലും മൊത്തം കണക്കിൽ എൽഡിഎഫാണ് നേട്ടമുണ്ടാക്കിയത്. യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകള്‍ എൽഡിഎഫ് പിടിച്ചെടുത്തപ്പോള്‍ നാല് സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. യു.ഡി.എഫ് 18 വാര്‍ഡുകളിലും എല്‍.ഡി.എഫ് 16 വാര്‍ഡിലും സ്വതന്ത്രര്‍ നാലുവാര്‍ഡുകളിലും വിജയിച്ചു.



