മലപ്പുറം: ഭക്ഷണം പാകം ചെയ്യാൻ ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കി. ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി ജില്ലയിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഉപയോഗിക്കാൻ പാടില്ലാത്ത 291.5 ലിറ്റർ ഭക്ഷ്യഎണ്ണ കണ്ടെത്തി നശിപ്പിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലായി 141 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ആറ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. തുടർച്ചയായി ചൂടാക്കി ഉപയോഗിച്ചതിനെ തുടർന്ന് ഗുണനിലവാരം നഷ്ടപ്പെട്ട എണ്ണയാണ് പ്രധാനമായും കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ ഷെഡ്യൂൾ നാല് നിബന്ധനകൾ പാലിക്കാത്ത 38 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നൽകി. നിയമലംഘനങ്ങൾ പരിഹരിക്കാൻ 13 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും രണ്ട് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി.
നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ അഡ്ജുഡിക്കേഷൻ നടപടിയും സ്വീകരിച്ചു. ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരം, എത്ര തവണ എണ്ണ വീണ്ടും ഉപയോഗിക്കുന്നു, ഉപയോഗിച്ച എണ്ണ ശരിയായ രീതിയിൽ മാറ്റുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധനയിൽ വിലയിരുത്തി.
പഴയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന പ്രവണത ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ രാജേഷ് സി.എസ്. പരിശോധനകൾക്ക് നേതൃത്വം നൽകി.




