ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി പേരും ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജി സുപ്രീം കോടതിയെ സമീപിച്ചു. പാർട്ടിയിലെ വിമത വിഭാഗവുമായുള്ള തർക്കത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെയാണ് മമത ഹർജി നൽകിയത്.
പാർട്ടിയുടെ ഘടനയും സംഘടനാ സംവിധാനവും സമഗ്രമായി പരിശോധിക്കാതെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതെന്ന് ഹർജിയിൽ മമത ആരോപിക്കുന്നു. ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അയോഗ്യത നേരിടുന്ന വിമത ജനപ്രതിനിധികളുടെ വാദങ്ങൾ മാത്രം പരിഗണിച്ചാണ് കമ്മീഷൻ നടപടിയെടുത്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൃണമൂൽ കോൺഗ്രസിന്റെ ‘പൂവും പുല്ലും’ അടങ്ങിയ പാർട്ടി ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചത്. തുടർന്ന് മമതാ ബാനർജി വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ കളിക്കാരൻ’ ചിഹ്നവും അനുവദിച്ചു.
റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘എൻവലപ്പ്’ ചിഹ്നവുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.




