കോഴിക്കോട്: മാമി തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.
കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഈ സംഘത്തിലെ രണ്ടുപേർക്കാണ് സ്ഥലംമാറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമനെ കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്. കൂടാതെ മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി പ്രകാശനെ തീരദേശ പോലീസിലേക്കും മാറ്റിയിരുന്നു. ഇതിനെതിരെയാണ് മാമി ആക്ഷൻ കമ്മിറ്റി രംഗത്ത് എത്തിയത്.
സ്ഥലംമാറ്റത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥരെ മാറ്റരുതെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നത്.






