തിരുവനന്തപുരം :കഴക്കൂട്ടത്ത്, മകന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ഫീസ് ആവശ്യപ്പെട്ടതിന് മെഡിക്കൽ ഓഫീസർക്കുനേരേ ഭീഷണിയും അസഭ്യവർഷവും നടത്തിയ കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. പെരുമാതുറ സുൽഫി നിവാസിൽ സുൽഫിക്കർ(63) ആണ് കഠിനംകുളം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു പെരുമാതുറ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ഹിമയ്ക്കു നേരേ ആക്രമണമുണ്ടായത്.
ചികിത്സയിലായിരുന്ന മകന് കോളേജിൽ നൽകാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെടുകയും, ഡോക്ടർ നിയമപ്രകാരമുളള 100 രൂപ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. അതിൽ പ്രകോപിതനായ പിതാവും മകനും ഡോക്ടറെ അസഭ്യംപറയുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടർന്ന് മെഡിക്കൽ ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.






