തൃശ്ശൂർ: സുഹൃത്തുക്കളോടൊപ്പം നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയയാൾ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ . സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. അരിമ്പൂർ സ്വദേശി മാളോക്കാരൻ ജെയിംസ് ആണ് ചികിത്സയിൽ കഴിയുന്നത്. കാഞ്ഞാണി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ്.
കേരള ഭാഗ്യക്കുറി ലഭിച്ച സന്തോഷത്തിൽ ഒൻപതംഗസംഘമാണ് ജനുവരി 25-ന് രാവിലെ ജീപ്പിൽ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയത്. രാത്രി എട്ടോടെ സംഘത്തിലെ ഒരാൾ ഫോണിൽ വിളിച്ച് ജെയിംസ് വീണ് പരിക്കേറ്റ് ആശുപത്രിയിലാണെന്ന് വീട്ടുകാരെ അറിയിച്ചു.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജെയിംസ് ആറുദിവസം വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇപ്പോഴും അബോധാവസ്ഥയിലാണ്. പിന്നീട് വീട്ടിലെ പരിചരണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ശ്വാസനാളത്തിൽ കഫം അടിഞ്ഞുകൂടുന്നതിനാൽ യന്ത്രസഹായത്തോടെ നീക്കം ചെയ്യേണ്ടിവരുന്ന അവസ്ഥയാണെന്ന് കുടുംബം പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കൂടെയുണ്ടായിരുന്നവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. ഒരാൾ പാറയിൽ തല ഇടിച്ച് വീണുവെന്നാണ് പറഞ്ഞത്. മറ്റൊരാൾ പാറക്കെട്ടിലേക്ക് വീണുവെന്നും മറ്റൊരു സുഹൃത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് റോഡിലേക്ക് വീണുവെന്നും വ്യക്തമാക്കി. വ്യത്യസ്തമായ വിവരങ്ങളെത്തുടർന്ന് കുടുംബം നെല്ലിയാമ്പതിയിലെ പാടഗിരി പോലീസ് സ്റ്റേഷനിലും തൃശ്ശൂർ റൂറൽ പോലീസ് സൂപ്രണ്ടിനും പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പാടഗിരി പോലീസ് സംഘം അരിമ്പൂരിൽ എത്തി അന്വേഷണം ആരംഭിച്ചു. കാഞ്ഞാണി മേഖലയിലെ ബസ് തൊഴിലാളി സഹായസമിതി ഓഫീസിൽ വെച്ച് മൂന്നുപേരുടെ മൊഴിയും രേഖപ്പെടുത്തി. വിനോദയാത്രയ്ക്ക് ഉപയോഗിച്ച ജീപ്പ് പരിശോധനയ്ക്കായി ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജെയിംസിന്റെ സഹോദരൻ ജോൺസൺ അറിയിച്ചു.






