കോട്ടയം: കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിൽ നിന്ന് ബാങ്കിൽ അടയ്‌ക്കേണ്ട പണവുമായി മുങ്ങിയ മാനേജർ വർക്കല പണയറ സ്വദേശി വൈശാഖൻ വൈക്കം പോലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ 21-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അച്ചിനകം ഭാഗത്തുള്ള ഹോട്ടലിൽ നിന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കാൻ ഏൽപ്പിച്ച ഒൻപത് ലക്ഷം രൂപയും, ഹോട്ടലിലെ ദൈനംദിന ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന പതിനെണ്ണായിരം രൂപയുമടക്കം മൊത്തം 9,18,000 രൂപ ഇയാൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






