ബാങ്കിംഗ് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിന് മികച്ച മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക് ശ്രദ്ധ നേടുന്നു. 2026ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയമായ ‘ഗിവ് ടു ഗെയിൻ’ എന്ന ആശയം മുന്നിൽനിർത്തിയാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും നേതൃപാടവവും വർധിപ്പിക്കാൻ ബാങ്ക് വിവിധ നടപടികൾ കൈക്കൊണ്ടിരിക്കുന്നത്. ബാങ്കിലെ 9,216 ജീവനക്കാരിൽ 4,250 പേരും വനിതകളാണ്. ഇതോടെ ആകെ ജീവനക്കാരുടെ 46.09 ശതമാനവും സ്ത്രീകളായി മാറിയിട്ടുണ്ട്.
ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ ശരാശരി പങ്കാളിത്തം ഏകദേശം 25 മുതൽ 30 ശതമാനം വരെയായിരിക്കെ, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 46.09 ശതമാനം എന്ന നേട്ടം ദേശീയ ശരാശരിയേക്കാൾ ഏറെ മുന്നിലാണ്. സ്ത്രീകൾ വെറും പ്രാതിനിധ്യത്തിൽ മാത്രം ഒതുങ്ങാതെ നേതൃനിരയിലേക്കും ഉയരുന്നതും ശ്രദ്ധേയമാണ്. ബാങ്കിന്റെ ഉയർന്ന തസ്തികകളായ സീനിയർ ജനറൽ മാനേജർമാരിൽ പോലും ഏകദേശം 30 ശതമാനം വനിതകളാണ്.
വനിതാ ദിനം ഒരുദിവസത്തെ ആഘോഷമായി മാത്രമല്ല, സ്ത്രീ ശാക്തീകരണത്തെയും സമത്വത്തെയും ലക്ഷ്യമാക്കിയുള്ള മുന്നേറ്റമായി കാണുന്ന സമീപനമാണ് ബാങ്ക് സ്വീകരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് അവതരിപ്പിച്ച ‘എസ്ഐബി ഹെർ അക്കൗണ്ട്’ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. മുൻഗണനാ പലിശനിരക്കുകൾ, ക്യാൻസർ പരിചരണ പോളിസി ഉൾപ്പെടെയുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷ, ജീവിതശൈലീ ആനുകൂല്യങ്ങൾ, സാമ്പത്തിക സാക്ഷരതാ പരിപാടികൾ എന്നിവ ഉൾപ്പെടുത്തി സമഗ്രമായ ബാങ്കിംഗ് സേവനങ്ങളാണ് ഇതിലൂടെ വനിതകൾക്ക് ലഭ്യമാകുന്നത്.






