മലപ്പുറം: ജയിലിൽ കഴിയുന്ന ഭാര്യയെ കാണാൻ അനുമതി ആവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയായ മാരപ്പ (ജയണ്ണ–51) ആണ് വിയ്യൂർ വനിതാ ജയിലിൽ കഴിയുന്ന ഭാര്യ സുന്ദരി (ഗീത–33)യെ കാണാൻ അപേക്ഷ നൽകിയത്.
കർണാടക സർക്കാരിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി 8-ന് കീഴടങ്ങിയ ആറ് മാവോയിസ്റ്റുകളിൽ ഇരുവരും ഉൾപ്പെട്ടവരാണ്. തുടർന്ന് കേരള പൊലീസ് ഫോർമൽ അറസ്റ്റ് നടത്തി ഇവരെ നവംബർ 18-ന് വിയ്യൂർ ജയിലിലേക്ക് മാറ്റിയിരുന്നു.
ഭാര്യയെ കാണാൻ ജയിൽ അധികൃതരോട് മാരപ്പ അപേക്ഷ നൽകിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. മുമ്പ് ബംഗളൂരു ജയിലിൽ കഴിയുമ്പോൾ ഇരുവർക്കും ആഴ്ചയിൽ ഒരിക്കൽ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരുന്നു.
വിയ്യൂർ ഹൈസെക്യൂരിറ്റി ജയിൽ സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ ജയിൽ ചട്ടങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിർപ്പ് രേഖപ്പെടുത്തി. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കും വിയ്യൂർ വനിതാ ജയിൽ സൂപ്രണ്ടിനും കോടതി നിർദേശം നൽകി. റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.




