പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 9 വയസ്സുകാരിയായ മകളെ പിതാവ് അതിക്രൂരമായി കൊലപ്പെടുത്തി. ദൗന്ദ് താലൂക്കിലെ ദിയുൽഗാവ് രാജെ ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗ്രാമത്തിൽ കൂലിപ്പണിക്കാരനായ ശാന്താറാം ചവാൻ (33) ആണ് പ്രതി. മൂന്നാം ക്ലാസിൽ പഠിച്ചിരുന്ന മകളെയാണ് ഇയാൾ കൊലപ്പെടുത്തിയത്. പരീക്ഷയിൽ ലഭിച്ച മാർക്കിനെ ചൊല്ലി മക്കൾ തമ്മിൽ ഉണ്ടായ തർക്കമാണ് സംഭവങ്ങൾക്ക് തുടക്കം. സഹോദരൻ ലഭിച്ച റാങ്ക് മാറ്റി മകൾ മാർക്ക്ഷീറ്റ് തിരുത്തിയതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.
പ്രതികാരമായി ശാന്താറാം ചവാൻ യന്ത്രവാൾ ഉപയോഗിച്ച് മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സാരിയിൽ പൊതിഞ്ഞ് വീട്ടിൽ സൂക്ഷിച്ചു. പിന്നീട് തെളിവ് നശിപ്പിക്കാനായി വീടിന് തീകൊളുത്തിയതായും പോലീസ് പറയുന്നു. വീട് തീപിടിച്ച അപകടം എന്നാണ് പുറത്തറിയാൻ പ്രതി ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ സംശയം തോന്നിയ പോലീസ് പരിശോധനയിൽ കത്തിക്കരിഞ്ഞ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ പിതാവിനെയും ഇയാളെ സഹായിച്ച ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തു. മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.




