ന്യൂഡൽഹി: ഡൽഹിയിലെ മെഹ്‌റോളിയിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവറായ 25-കാരൻ അറസ്റ്റിൽ. ബബ്ലു എന്നയാളെയാണ് മെഹ്‌റോളി പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി മാതാപിതാക്കൾ പൊലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയത്. പരാതി ലഭിച്ച ഉടൻ അന്വേഷണം ആരംഭിച്ച പൊലീസ് പ്രദേശത്തെ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ടാക്സി ഡ്രൈവറെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുകയും ചെയ്തു. തുടർന്ന് നാല് മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചു.
ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മെഹ്‌റോളിയിലെ സിഡിആർ ചൗക്കിന് സമീപത്തെ ഫുട്പാത്തിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇയാൾ മൊഴി നൽകി. തുടർന്ന് ഗുരുഗ്രാം ഭാഗത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നും വെളിപ്പെടുത്തി.
പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെഹ്‌റോളിയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി കുടുംബത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി. വാടകവീട് നഷ്ടപ്പെട്ടതിനെ തുടർന്ന് കുടുംബം തെരുവോരത്താണ് താമസിച്ചിരുന്നത്. ദിവസക്കൂലി തൊഴിലാളികളായ മാതാപിതാക്കളെ സഹായിക്കാൻ കുട്ടി ബലൂണുകൾ വിൽക്കാറുണ്ടായിരുന്നു. നാല് മക്കളുള്ള കുടുംബത്തിലെ ഒരാളായിരുന്നു കൊല്ലപ്പെട്ട പെൺകുട്ടി.






