കോട്ടയം: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) വൈസ് പ്രസിഡന്റായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐയുടെ നേതൃനിരയിലെത്തുന്ന ആദ്യ ക്നാനായ മെത്രാനെന്ന നേട്ടം ഇതോടെ അദ്ദേഹത്തിന് സ്വന്തമായി.
മാർ മൂലക്കാട്ടിന്റെ ദീർഘകാലത്തെ സഭാ ശുശ്രൂഷകൾക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിത്. സിറോ മലബാർ സിനഡിലെ ഏറ്റവും സീനിയർ മെത്രാനായ അദ്ദേഹം നിലവിൽ പെർമനന്റ് സിനഡ് അംഗമായും സീറോ മലബാർ സഭ സുപ്പീരിയർ ട്രൈബ്യൂണൽ മോഡറേറ്ററായും പ്രവർത്തിച്ചു വരികയാണ്.
നേരത്തെ കെ.സി.ബി.സി സെക്രട്ടറി ജനറൽ, സി.ബി.സി.ഐ ജസ്റ്റിസ് പീസ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷൻ അംഗം, വടവാതൂർ സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാൻ തുടങ്ങിയ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സഭയുടെ ഭരണപരമായ കാര്യങ്ങളിലും ആത്മീയ നേതൃത്വത്തിലും മികച്ച അനുഭവസമ്പത്തുള്ള മാർ മാത്യു മൂലക്കാട്ടിന്റെ പുതിയ ചുമതല ക്രൈസ്തവ സഭയ്ക്ക് വലിയ കരുത്താകുമെന്ന് വിലയിരുത്തപ്പെടുന്നു.






