ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്നുവീണു. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റ് ഉൾപ്പെടെ ആറുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 1.14ഓടെ ബദരീനാഥിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററുമായുള്ള ബന്ധം മഞ്ഞുവീഴ്ചയ്ക്കിടെ ഹാത്തി പർവതത്തിന് സമീപം വെച്ച് നഷ്ടപ്പെടുകയായിരുന്നു. ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ആശയവിനിമയം നിലച്ചത്. ഹെലികോപ്റ്ററിനെ ട്രാക്കിംഗ് സംവിധാനം വഴിയും കണ്ടെത്താനായില്ലെന്ന് ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു.
ജോഷിമഠിന് സമീപമുള്ള ചായീ ഗ്രാമത്തിനടുത്താണ് ഹെലികോപ്റ്റർ തകർന്നുവീണതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിരീകരിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.


