ഒരിക്കൽ അസാധ്യമെന്ന് കരുതിയ ചരിത്രനേട്ടത്തിന് അരികിലെത്തി പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഖൊലൂദിനെതിരെ നേടിയ തകർപ്പൻ ഹാട്രിക്കോടെ കരിയറിലെ ആകെ ഗോൾ നേട്ടം 985 ആയി ഉയർത്തിയിരിക്കുകയാണ് താരം. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ 1000 ഔദ്യോഗിക ഗോളുകൾ എന്ന അപൂർവ നേട്ടത്തിലെത്താൻ റൊണാൾഡോയ്ക്ക് ഇനി 15 ഗോളുകൾ കൂടി മതി.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ അൽ നാസർ 5-3നാണ് അൽ ഖൊലൂദിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ആദ്യ പകുതി 2-2 എന്ന നിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ റൊണാൾഡോയുടെ മികവിൽ അൽ നാസർ വിജയം സ്വന്തമാക്കി. 66, 72 മിനിറ്റുകളിൽ തുടർച്ചയായി വലകുലുക്കിയ താരം 81-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കി. 2023ൽ അൽ നാസറിലെത്തിയ ശേഷം ക്ലബ്ബിനായി റൊണാൾഡോ നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്.
ഈ പ്രകടനത്തോടെ കരിയറിലെ ഹാട്രിക്കുകളുടെ എണ്ണം 67 ആയും ഉയർന്നു. റയൽ മഡ്രിഡിനായി 44 ഹാട്രിക്കുകളാണ് താരം നേടിയത്. പോർച്ചുഗൽ ദേശീയ ടീമിനായി 10 ഹാട്രിക്കുകളും അൽ നാസറിനായി ഏഴ് ഹാട്രിക്കുകളും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനും യുവന്റസിനുമായി മൂന്ന് ഹാട്രിക്കുകൾ വീതവും റൊണാൾഡോ സ്വന്തമാക്കി.
അതേസമയം, വ്യാഴാഴ്ച മറ്റൊരു നേട്ടം കൂടി റൊണാൾഡോയെ തേടിയെത്തി. B.O.A.T. പുരസ്കാരത്തിനും 41-കാരനായ താരം അർഹനായി. ആരാധകരുടെ വോട്ടെടുപ്പിൽ ലയണൽ മെസ്സിയുടെ 2012ലെ പ്രകടനത്തെ മറികടന്നാണ് 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ബാലൺ ഡി ഓർ നേടിയ സീസണിലെ പ്രകടനത്തിന് റൊണാൾഡോ പുരസ്കാരം സ്വന്തമാക്കിയത്. കരിയറിൽ അഞ്ച് ബാലൺ ഡി ഓർ പുരസ്കാരങ്ങളാണ് താരം നേടിയിട്ടുള്ളത്.
1000 ഗോളുകൾ എന്ന ചരിത്രനേട്ടം തന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണെന്ന് റൊണാൾഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. 2024ൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരം റിയോ ഫെർഡിനാൻഡുമായുള്ള സംഭാഷണത്തിനിടെയാണ് ഈ ആഗ്രഹം താരം തുറന്നുപറഞ്ഞത്. ഫിറ്റ്നസ് നിലനിർത്തുകയും പരിക്കുകൾ ഒഴിവാക്കുകയും ചെയ്താൽ ഈ നേട്ടം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസവും റൊണാൾഡോ പ്രകടിപ്പിച്ചിരുന്നു.
അൽ ഖൊലൂദിനെതിരായ ജയത്തോടെ സൗദി പ്രോ ലീഗ് കിരീടപ്പോരാട്ടത്തിലും അൽ നാസർ നില മെച്ചപ്പെടുത്തി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള അൽ ഖാദ്സിയയുമായി 28 പോയിന്റ് വീതമാണ് അൽ നാസറിനുള്ളത്. എന്നാൽ അൽ നാസർ ഒരു മത്സരം കുറച്ചാണ് കളിച്ചിട്ടുള്ളത്. തോൽവി വഴങ്ങിയ അൽ ഖൊലൂദ് 12 പോയിന്റുമായി പത്താം സ്ഥാനത്ത് തുടരുകയാണ്.
ഫുട്ബോൾ കരിയറിന്റെ അവസാനഘട്ടത്തിലാണെങ്കിലും റെക്കോർഡുകൾ തിരുത്തിയെഴുതാനുള്ള റൊണാൾഡോയുടെ പോരാട്ടവീര്യത്തിന് കുറവില്ല. 1000 ഗോൾ എന്ന സ്വപ്നനേട്ടത്തിലേക്ക് ഇനി വെറും 15 ഗോളുകളുടെ ദൂരം മാത്രം.



