തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇൻകാസ് ദേശീയ സെക്രട്ടറി സി.എ. ബിജുവിനെതിരെ പൊലീസ് കേസെടുത്തു. പീഡനം, ലൈംഗിക അതിക്രമം, ലഹരി വസ്തു നൽകി പീഡിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് ബിജുവിനെതിരെ പരാതി നൽകിയത്. വിവാഹത്തിൽ നിന്ന് പിന്മാറുന്നതിനായി ബിജു ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെ വ്യാപകമായി അപവാദ പ്രചാരണം നടത്തിയെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
അതേസമയം, ഇൻകാസ് യു.എ.ഇ പ്രസിഡന്റ് സുനിൽ അസീസിനെതിരെയും യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സി.എ. ബിജുവിനെ സംരക്ഷിക്കുന്നതിനായി സുനിൽ അസീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. സി.എ. ബിജുവിന്റെ ഭാര്യാ സഹോദരനാണ് സുനിൽ അസീസ്.
കോൺഗ്രസ് അനുകൂല പ്രവാസി മലയാളി കൂട്ടായ്മയാണ് ഇൻകാസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



