ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനത്തിൽ യുവ താര നിര അണിനിരന്ന ചിത്രമായിരുന്നു ബ്രോമാൻസ്. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിച്ചതിനു പിന്നാലെ മാത്യു തോമസ് അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിന് വലിയ വിമർശനങ്ങൾ നേരിടുകയുമുണ്ടായി. ഈ ചിത്രത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രം ഓവറായിപ്പോയെന്ന് തുറന്നു സമ്മതിച്ച് നടൻ മാത്യു തോമസ്. ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളെപ്പറ്റി മാധ്യമങ്ങളോടു സംസാരിക്കുന്നതിന് ഇടയിലാണ് മാത്യു ഇക്കാര്യം തുറന്നു പറഞ്ഞത്. കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നും താൻ ഓവറാണെന്ന് തോന്നിയത് പ്രേക്ഷകരുടെ കുഴപ്പം കൊണ്ടല്ലെന്നും മാത്യു തോമസ് പറഞ്ഞു.
മാത്യു തോമസിന്റെ വാക്കുകൾ: ‘‘തിയറ്റർ ഓഡിയൻസ്, ഒടിടി ഓഡിയൻസ് എന്നൊന്നും ഇല്ല. ഒറ്റ ഓഡിയൻസേ ഉള്ളൂ. സിനിമ തിയറ്ററിൽ എത്തിയപ്പോഴും എന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്. ഭൂരിഭാഗം പ്രേക്ഷകർക്കും അത് വർക്ക് ആയിട്ടില്ല. അത് ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. ചെയ്തതിന്റെ പ്രശ്നമാണ്. ആ കഥാപാത്രത്തെ എല്ലാവർക്കും കൺവിൻസിങ് ആകുന്ന രീതിയിൽ ചെയ്യണമായിരുന്നു. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.’’
ആഷിഖ് ഉസ്മാൻ നിർമിച്ച ചിത്രത്തിന് അരുൺ ഡി. ജോസ്, റവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.




