റിയാദ്: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഇറാനെതിരെ സൗദി അറേബ്യ രഹസ്യമായി നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നുവെന്ന റിപ്പോർട്ട് പുറത്ത്. ഇറാന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഈ നീക്കങ്ങളെന്നാണ് രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച വിവരം സ്ഥിരീകരിച്ചതായും റിപ്പോർട്ടിലുണ്ട്.
മുമ്പ് പുറത്തുവന്നിട്ടില്ലാത്ത ഈ ആക്രമണങ്ങൾ നേരിട്ടുള്ള സൈനിക തിരിച്ചടികളായിരുന്നുവെന്നാണ് വിവരം. മാർച്ച് അവസാനത്തോടെയായിരുന്നു സൗദി വ്യോമസേനയുടെ ആക്രമണങ്ങൾ നടന്നതെന്നാണ് പാശ്ചാത്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
“സൗദിക്കെതിരായ ആക്രമണങ്ങൾക്ക് പ്രതികാരമായിരുന്നു ഈ നടപടികൾ,” എന്നാണ് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. എന്നാൽ ഇറാനിലെ ഏത് കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ പ്രതികരണം തേടിയെങ്കിലും സൗദി വിദേശകാര്യ മന്ത്രാലയം നേരിട്ട് മറുപടി നൽകിയില്ല.
അമേരിക്കൻ സൈനിക താവളങ്ങൾക്ക് സൗകര്യം നൽകിയതിനെ തുടർന്നാണ് സൗദി അറേബ്യക്കും ഇറാന്റെ പ്രത്യാക്രമണ ഭീഷണി നേരിടേണ്ടി വന്നത്. അമേരിക്കയെ നേരിട്ട് ആക്രമിക്കുന്നതിലെ പരിമിതികൾ കാരണം ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സാമ്പത്തിക-സൈനിക ശൃംഖലകളെയാണ് ഇറാൻ ലക്ഷ്യമിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴാണ് സൗദി അറേബ്യ ഇറാനിൽ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തിയിരുന്നുവെന്ന വിവരങ്ങൾ പുറത്തുവരുന്നത്.






