തിരുവല്ല: നിയന്ത്രണം നഷ്ടപ്പെട്ട മിനി ലോറി പെരുംതുരുത്തി റെയിൽവേ ഗേറ്റിന് സമീപം വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. ലോറിയിൽ കാൽ കുടുങ്ങിയ നിലയിൽ തൃശ്ശൂർ സ്വദേശി ഗിരീഷിനെ ഗുരുതര പരിക്കോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുകോടി ഭാഗത്തുനിന്നും വാഹനം ഓടിച്ചു വരവേ റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. വിവരമറിഞ്ഞ് തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം മുറിച്ചുമാറ്റി ഗിരീഷിനെ രക്ഷപ്പെടുത്തി.




