ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാൻ നീക്കവുമായി ഇൻഡ്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ. മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഇന്ന് ചെന്നൈയിൽ സ്റ്റാലിയുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർജെഡി നേതാവ് മിസ ഭാരതി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും. കപിൽ സിബൽ, ഇ.ടി. മുഹമ്മദ് ബഷീർ, വി.ഡി. സതീശൻ എന്നിവർക്കൊപ്പം കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരും സംഘത്തിലുണ്ടാകും.
മണ്ഡല പുനർനിർണയ ബിൽ പ്രതിപക്ഷത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കപിൽ സിബൽ സ്റ്റാലിന് വിശദീകരണം നൽകും. ചെന്നൈയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാക്കൾ മുംബൈയിലേക്ക് തിരിക്കും. എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും നേതാക്കൾ ചർച്ച നടത്തും. രാത്രി 8.30നാണ് പവാറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഡിഎംകെ. കോൺഗ്രസുമായി അനുനയത്തിനില്ലെന്നും രാഹുൽ ഗാന്ധി ടിവികെ വക്താവിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചതായാണ് റിപ്പോർട്ട്.
22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ നിലപാട് ബില്ലിന്റെ ഭാവിയിൽ നിർണായകമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിൽ പാസാക്കാൻ ശ്രമിക്കുന്ന എൻഡിഎ സർക്കാരിന് ഡിഎംകെയുടെ പിന്തുണ ലഭിക്കുന്നത് രാഷ്ട്രീയമായി നേട്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷത്തിനുണ്ട്.
കഴിഞ്ഞ ഏപ്രിലിൽ ബിൽ അവതരിപ്പിച്ചപ്പോൾ ഡിഎംകെ അതിനെ എതിർത്തിരുന്നു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള ആകെ 129 ലോക്‌സഭാ അംഗങ്ങളിൽ 75 പേരുടെ പിന്തുണ കേന്ദ്രസർക്കാർ ഉറപ്പാക്കിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
ഇതിൽ 29 പേർ ബിജെപി അംഗങ്ങളാണ്. ശേഷിക്കുന്ന 46 പേർ പ്രാദേശിക പാർട്ടികളിൽ നിന്നുള്ളവരാണ്. തെലുങ്കുദേശം പാർട്ടി, ജനസേന, ജനതാദൾ (സെക്കുലർ) എന്നിവയിൽ നിന്നായി 20 അംഗങ്ങളും ഡിഎംകെയുടെ 22 അംഗങ്ങളും വൈഎസ്ആർ കോൺഗ്രസിന്റെ നാല് അംഗങ്ങളുമാണ് ഈ വിഭാഗത്തിലുള്ളത്.
ഇതോടെ ദക്ഷിണേന്ത്യയിൽ നിന്നുള്ള ലോക്‌സഭാ അംഗങ്ങളിൽ ഏകദേശം 58 ശതമാനത്തിന്റെ പിന്തുണ സർക്കാരിനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഡിഎംകെയുടെ നിലപാടിൽ മാറ്റമുണ്ടാക്കാൻ കഴിയുമോ എന്നതാണ് ചെന്നൈയിലെ നിർണായക കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.



