കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്.
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സമിതി പരിശോധന പൂര്‍ത്തിയാക്കി ഇന്നലെയാണ് മടങ്ങിയത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഫോണ്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പും മൂന്നു മൊബൈലുകള്‍ പിടികൂടിയിരുന്നു. മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ഇയര്‍ഫോണുകളുമാണ് കണ്ടെത്തിയത്. ന്യൂ ബ്ലോക്കില്‍ കല്ലിനടിയിലും കുളിമുറിയിലെ ജനാലയില്‍ ഒളിപ്പിച്ച നിലയിലുമായിരുന്നു ഫോണുകള്‍ കണ്ടെത്തിയത്. ഇതിനു മുന്‍പ് പല തവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടികൂടിയിട്ടുണ്ട്.
കണ്ണൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സുഖമമായി നടക്കുന്നുണ്ടെന്ന് ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധയിലാണ് മൂന്ന് ഫോണുകള്‍ കണ്ടെത്തിയത്.






