ന്യൂഡൽഹി : ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ എന്നി പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ വീണ്ടും ആരംഭിക്കും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, ഓപ്പറേഷൻ അഭ്യാസിന്റെ ഭാഗമായി രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എല്ലാ സൈനിക നടപടികളും വെടിവയ്പ്പുകളും നിർത്തലാക്കാൻ ഇരു രാജ്യങ്ങളും ഉഭയകക്ഷി ധാരണയിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ നടത്തുന്നത്.
അതേസമയം യുദ്ധകാല സാഹചര്യങ്ങളുമായി സാമ്യമുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാധാരണക്കാരെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബ്ലാക്ക്ഔട്ട് വ്യായാമങ്ങൾ, വ്യോമാക്രമണ സൈറണുകൾ, ഒഴിപ്പിക്കൽ പ്രോട്ടോക്കോളുകൾ, പൊതുജന അവബോധ സെഷനുകൾ എന്നിവ ഉൾപ്പെടുന്ന ഈ മോക്ക് ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം 244 ജില്ലകളോട് നിർദ്ദേശിച്ചിരുന്നു.






