കൊച്ചി: സംവിധായകൻ സനോജ് മിശ്രക്കെതിരെ ഗുരുതര ആരോപണവുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മൊണാലിസ. സിനിമാ സെറ്റിൽ ജോലി ചെയ്യുമ്പോൾ സംവിധായകൻ മോശമായി പെരുമാറിയതും, പലതവണ ശരീരത്തിൽ കയറിപ്പിടിച്ചതുമാണ് അവർ ആരോപിക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മൊണാലിസ ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്.
ഭർത്താവ് ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ വാർത്താ സമ്മേളനത്തിന് എത്തിയത്. നേരിട്ട ദുരനുഭവത്തെക്കുറിച്ച് വീട്ടുകാരോടും പറഞ്ഞു കഴിഞ്ഞിരുന്നെന്നും, എന്നാൽ ആദ്യ സിനിമയായതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ലെന്നും മൊണാലിസ പറഞ്ഞു. അതുകൊണ്ട് ഇക്കാര്യങ്ങൾ ആരോടും നേരത്തേ തുറന്ന് പറയാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു.
മൊണാലിസയ്ക്ക് 18 വയസ്സ് താനാകുന്നതിന് മുമ്പാണ് സനോജ് മിശ്രയിൽനിന്ന് ദുരനുഭവം ഉണ്ടായത്. ഇപ്പോൾ സംവിധായകനെതിരെ നിയമ നടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും, നാട്ടിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും അവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടുത്തിടെ, മൊണാലിസയും ഫർമാൻ ഖാനും കേരളത്തിൽ വിവാഹം കഴിച്ചിരുന്നു. പിന്നീട് ഇരുവരും കേരളത്തിൽ താമസിച്ചു വരികയായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിൽ വെല്ലുവിളികളുണ്ടെന്നും, കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്ന് അവർ വ്യക്തമാക്കി.






