തൃശ്ശൂര്‍: മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഹൈറിച്ച് സ്ഥാപന ഉടമ ശ്രീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ട. എസ് പി.വത്സന്‍ ചേര്‍പ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായ കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍,ബഡ്‌സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയ കേസിലായിരുന്നു അറസ്റ്റ്.
കേരളം കണ്ട ഏറ്റവും വലിയ മണിചെയിന്‍ തട്ടിപ്പായിട്ടാണ് ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പെന്നാണ് കേരള പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും ഇഡിയുടെയും വിലയിരുത്തല്‍. അതേസമയം തട്ടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനി വീണ്ടും തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹൈറിച്ച് കമ്യൂണല്‍ റിവൈവല്‍ സൊസൈറ്റി എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായാണ് കണ്ടെത്തിയത്.
മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്,ഓണ്‍ലൈന്‍ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ് കേസില്‍ കണ്ടെത്തിയത്. വ്യക്തികളില്‍ നിന്ന് പതിനായിരം രൂപ വെച്ച് വാങ്ങി 630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തെന്നാണ് ഇഡി കണ്ടെത്തല്‍. ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ് കേസില്‍ ഉടമകളായ പ്രതാപന്‍, ശ്രീന പ്രതാപന്‍, എന്നിവരുടേയും 15 ലീഡര്‍മാരുടേയും 33.7 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.






