മലപ്പുറം: അന്ധപുനരധിവാസ കേന്ദ്രത്തിന് സഹായം, പഠനത്തോടൊപ്പം സഹജീവി സ്നേഹത്തിന്റെ മാതൃക കാണിച്ച് മൂർക്കനാട് ജി.യു.പി. സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) അംഗങ്ങൾ. കിഴുപറമ്പ് അന്ധപുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് സഹായഹസ്തവുമായാണ് ജെ.ആർ.സി കുട്ടികൾ എത്തിയത്.
നിർധനരും നിരാലംബരുമായ അന്തേവാസികൾക്ക് നിത്യോപയോഗത്തിന് ആവശ്യമായ ബ്രഷ്, പേസ്റ്റ്, സോപ്പ്, വിവിധയിനം ധാന്യങ്ങൾ എന്നിവ അടങ്ങിയ കിറ്റുകൾ കുട്ടികൾ സമാഹരിച്ചു നൽകി. പുനരധിവാസ കേന്ദ്രത്തിലെ ചാർജ് ഓഫീസർ അബ്ദുറഷീദ് മാസ്റ്റർ സഹായങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ വി. ഷഹീദ്, ജെ.ആർ.സി ടീച്ചർ ഇൻ ചാർജ് കെ. ദിവ്യ, അധ്യാപകരായ കെ. ഷീന മോൾ, നാസർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥി പ്രതിനിധികളായ എം.സി. ഷാഹിന, കെ. മിലൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി. പാഠപുസ്തകങ്ങളിലെ അറിവിനൊപ്പം കരുതലിന്റെ പുതിയ പാഠങ്ങൾ കൂടി അഭ്യസിക്കുകയാണ് മൂർക്കനാട് ജി.യു.പി.എസിലെ കൊച്ചു കൂട്ടുകാർ.






