അബുജ: മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത പേമാരിയിൽ നൂറിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിന്നതിനെ തുടർന്ന് മോക്വ പട്ടണം വെള്ളപ്പൊക്കത്തിൽ മുങ്ങി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 115 മൃതദേഹങ്ങൾ കണ്ടെടുത്തു. മൂവായിരത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി. നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ നിന്ന് ഏകദേശം 230 മൈൽ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മോക്വ, നൈജർ സംസ്ഥാനത്തെ ഒരു വാണിജ്യ കേന്ദ്രമാണ്.






