കുഞ്ഞിനൊപ്പം പിറന്നാൾ ആഘോഷിച്ച് നടി ദുർഗകൃഷ്ണയും ഭർത്താവും. കേക്ക് മുറിച്ചാണ് മൂവരും പിറന്നാൾ ആഘോഷിച്ചത്. കുഞ്ഞിനെ ചേർത്തുപിടിച്ച് ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടാണ് ദുർഗ ഭർത്താവിനൊപ്പം കേക്ക് മുറിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ദുർഗകൃഷ്ണ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. ‘ഞങ്ങൾക്ക് പിറന്നാൾ ആശംസകൾ. ഇനി മുതൽ ഞങ്ങൾ മൂന്നുപേർക്കും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കാം’, എന്ന അടിക്കുറിപ്പോടെയാണ് ദുർഗ ചിത്രങ്ങൾ പങ്കുവച്ചത്.

ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷം അർജുന് പിറന്നാളാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലും ദുർഗ കൃഷ്ണ കുറിച്ചിരുന്നു. ‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കാൻ പോകുന്ന മനുഷ്യൻ. ഈ വർഷം നിങ്ങളുടെ ജന്മദിനത്തിന് കൂടുതൽ പ്രത്യേകതയുണ്ട്. നിങ്ങളുടെ ജന്മദിനം മാത്രമല്ല ഇന്ന്.

നമ്മുടെ കുഞ്ഞ് നമ്മളെ കാണാൻ തീരുമാനിച്ച ദിവസം കൂടിയാണിന്ന്. ജന്മദിനത്തിൽ തന്നെ നിങ്ങളൊരു അച്ഛനാകുന്നു എന്നത് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. എന്റെ ഓരോ ഹൃദയമിടിപ്പിലും ഈ യാത്രയിലെ ഓരോ നിമിഷത്തിലും നിങ്ങൾ എന്റെ ശക്തിയായിരുന്നു. നമ്മുടെ കുഞ്ഞിനെ നിങ്ങൾ കൈകളിൽ എടുക്കുന്നതു കാണാൻ കാത്തിരിക്കുകയാണ് ഞാൻ. ജീവിതം നമുക്ക് രണ്ടുപേർക്കും നൽകുന്ന ഏറ്റവും മികച്ച സമ്മാനമാണിത്. ജന്മദിനാശംസകൾ, എന്റെ പ്രിയതമനേ’ – ദുർഗകൃഷ്ണ കുറിച്ചു.

2021 ഏപ്രിലിൽ ആയിരുന്നു ദുർഗ കൃഷ്ണയും നിര്മാതാവും ബിസിനസുകാരനുമായ അർജുനും വിവാഹിതരായത്. കഴിഞ്ഞ ജൂൺ മാസത്തിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന സന്തോഷ വാർത്ത ദുർഗ കൃഷ്ണ ആരാധകരെ അറിയിച്ചത്. നാലു വർഷങ്ങൾക്കിപ്പുറം ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷത്തിലാണ് ഇരുവരും.

