കൊച്ചി: ഇരുചക്ര വാഹനം മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ (46) ആണ് പുത്തൻകുരിശ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 31നാണ് കേസിനാസ്പദമായ സംഭവം. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിളാണ് അജിത് കുമാർ മോഷ്ടിച്ചത്.
കാസർകോട് ഉദുമയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. കുണ്ടറ, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 2025 നവംബറിൽ കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയിൽ നിന്ന് എട്ട് മാസത്തേക്ക് അജിത് കുമാറിനെ നാടുകടത്തിയിരുന്നു.
ഡിവൈഎസ്പി എൻ. ബാബുകുട്ടന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.പി. എബി, എസ്‌ഐമാരായ ജിതിൻകുമാർ, ജി. ശശിധരൻ, മനോജ് കുമാർ, ബിജു ജോൺ, എസ്‌സിപിഒ കെ.ആർ. അഖിൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.


