മലയാള സിനിമയില്‍ ഒരു താരത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് ഏറ്റവുമധികം സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത നിരവധി ചിത്രങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒന്നായിരുന്നു മോഹന്‍ലാലിനൊപ്പം വീണ്ടും ഷാജി കൈലാസ് ഒരുമിക്കുന്ന ചിത്രം വരുന്നതായി എക്സിലും മറ്റും പ്രചരിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലെ ചില സിനിമാഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴിതാ ഇതില്‍ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. തന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ആരംഭിക്കാനിരിക്കെയാണെന്ന പ്രചരണങ്ങൾ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്. ഈ ഊഹാപോഹങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഈ പ്രചരണങ്ങളിൽ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നതായും ഷാജി കൈലാസ് കുറിച്ചു. സ്വന്തം സിനിമകളെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾ തന്നിൽ നിന്ന് നേരിട്ട് മാത്രമേ ഉണ്ടാകൂ. ഭാവിയെ പ്രതീക്ഷയോടെ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1997 ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാനിലാണ് മോഹന്‍ലാലും ഷാജി കൈലാസും ആദ്യമായി ഒന്നിച്ചത്. ഈ ചിത്രം ഗംഭീര വിജയമായിരുന്നു. 2000 ല്‍ പുറത്തിറങ്ങിയ നരസിംഹത്തിലും വിജയം ആവര്‍ത്തിച്ചു. താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, എലോൺ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.






