രണ്ടാം പിണറായിക്കാലം ഒട്ടേറെ ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കാലമായിരുന്നെങ്കിലും രണ്ട് വകുപ്പുകൾ അതിന്റെ പ്രവർത്തനങ്ങൾ സമീപകാലത്ത് ഏറ്റവും അധികം മികവ് പുലർത്തിയ കാലയളവ് കൂടിയായിരുന്നു. പറഞ്ഞത് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വം നൽകുന്ന ടൂറിസം, പൊതുമരാമത്ത് വകുപ്പുകളെ പറ്റി തന്നെയാണ്. തനിക്കുമേൽ ഉയരുന്ന കാടടച്ചുള്ള വിമർശനങ്ങളെ വഴിവെക്കാതെ മുഹമ്മദ് റിയാസ് രണ്ടു വകുപ്പുകളെയും സമാനതകളില്ലാത്ത വികസനങ്ങളുടെയും ക്രിയാത്മക സമീപനങ്ങളുടെയും സാധ്യതകളിലേക്ക് എത്തിക്കുകയായിരുന്നു. സർക്കാരിന് ഒരു ലാഭവും നേടി കൊടുക്കാതെ എക്കാലവും ബാധ്യതയായിരുന്ന അതിഥി മന്ദിരങ്ങളെ വരുമാനനേട്ടത്തിനും അതിനപ്പുറത്തേക്ക് അഭിമാന കേന്ദ്രങ്ങളായി മാറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞു. സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയതോടെ മൂന്ന് വര്‍ഷത്തിനകം 20 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. മൂന്ന് വര്‍ഷത്തിനകം സര്‍ക്കാര്‍ ഗസ്റ്റ്-റസ്റ്റ് ഹൗസുകളില്‍ താമസിച്ചത് മൂന്നുലക്ഷം ആളുകളാണ്. സാധാരണക്കാർക്ക് അന്യം നിന്നിരുന്ന അതിഥി മന്ദിരങ്ങൾ ജനകീയമാക്കുവാൻ മന്ത്രിയുടെ ഇടപെടലുകൾ കൊണ്ട് സാധിച്ചു.
ടൂറിസം വകുപ്പിന് ഒട്ടേറെ അംഗീകാരങ്ങൾ റിയാസ് വകുപ്പ് മന്ത്രിയായതിന് ശേഷം ലഭിച്ചിട്ടുണ്ട്. സുസ്ഥിര വിനോദ സഞ്ചാരമേഖലയിലെ നൂതനമായ പദ്ധതികള്‍ക്കുള്ള അംഗീകാരമായ സാങ്ച്വറി ഏഷ്യ അവാര്‍ഡാണ് കേരള ടൂറിസത്തിന് ഒടുവില്‍ ലഭിച്ചിരിക്കുന്ന അംഗീകാരം. കോവിഡാനന്തര ടൂറിസത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന പദ്ധതികളാണ് കേരളം നടപ്പിലാക്കിയത്. ടൂറിസം ജനങ്ങളുടെ ജീവിതത്തില്‍ സ്പര്‍ശിക്കണമെന്നും ജനങ്ങള്‍ ടൂറിസത്തെയും നെഞ്ചേറ്റണമെന്നും ഉള്ള ലക്ഷ്യമാണ് ഉത്തരവാദിത്ത ടൂറിസത്തിലേക്ക് സർക്കാരിനെ നയിച്ചത്. ഇന്ന് ലോകത്തിന് മുന്നില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്ന സംസ്ഥാനം ആയി കേരളം മാറി. ജനകീയ ടൂറിസം മുന്നേറ്റത്തിന്റെ ഒട്ടനവധി പുതുരീതികള്‍ ഉത്തരവാദിത്ത ടൂറിസത്തിലൂടെ കേരളം കാട്ടിക്കൊടുത്തു. ഉത്തരവാദിത്ത ടൂറിസം മിഷനെ, ഈ സര്‍ക്കാര്‍ സൊസൈറ്റി ആക്കി മാറ്റി പ്രവര്‍ത്തന വിപുലീകരണം സാധ്യമാക്കാന്‍ കഴിഞ്ഞു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് മന്ത്രി മുഹമ്മദ് റിയാസ് തന്നെ. നമ്മുടെ ടൂറിസത്തിന്റെ ഏറ്റവും വലിയ നേട്ടം അതിലെ സ്ത്രീപങ്കാളിത്തം ആണ്. ടൂറിസത്തിലൂടെ പ്രാദേശിക സമ്പത്ത് വ്യവസ്ഥിതിയുടെ വളര്‍ച്ച മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. ഏറ്റവും സുരക്ഷിതവും മികച്ചതുമായ വനിതാ സൗഹൃദ ടൂറിസം ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റുകയെന്നതാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ ലക്ഷ്യം. അതിനുവേണ്ടി ഒട്ടേറെ ക്രിയാത്മകമായ സമീപനങ്ങൾ അദ്ദേഹത്തിൽ നിന്നും ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ഒന്നര ലക്ഷത്തോളം സ്ത്രീകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്ന ടൂറിസം പദ്ധതി സർക്കാർ ലക്ഷ്യം വയ്ക്കുന്നുണ്ട്. അത്യാധുനിക രീതിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത കേരള ടൂറിസത്തിന്റെ വെബ്സൈറ്റ് പുറത്തിറക്കുകയുണ്ടായി. 20 ലധികം ഭാഷകളിലുള്ള ഒരു ഡിജിറ്റല്‍ ഗൈഡാണത്. രാജ്യത്ത് ആദ്യമായി ടൂറിസം മേഖലയിലും പൊതുമരാമത്ത് മേഖലയിലും ഡിസൈന്‍ പോളിസി നടപ്പാക്കിയ സംസ്ഥാനം ആണ് കേരളം. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ രണ്ടു വകുപ്പുകളും ചേര്‍ന്ന് ഡിസൈന്‍ പോളിസി തയ്യാറാക്കിയത്. മുടങ്ങി പോയ പല പദ്ധതികളും യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുവാനും മുഹമ്മദ് റിയാസിന് സാധിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ മുഖച്ഛായ തന്നെ ഇന്ന് മാറിയിട്ടുണ്ട്. സാധ്യമായ എല്ലാ വികസന പ്രവർത്തനങ്ങളും ടൂറിസം കേന്ദ്രങ്ങളിൽ നടപ്പായിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളുടെ ഗണ്യമായ ഒഴുക്കും കേരളത്തിലേക്ക് ഉണ്ടായിട്ടുണ്ട്. വയനാട് ദുരന്തം രാജ്യത്തും പുറത്തുമുള്ള ടൂറിസ്റ്റുകളെ കേരളത്തിലേക്ക് വരുന്നതിൽ നിന്നും അകറ്റിയെങ്കിലും കൃത്യമായ പ്രചാരണങ്ങളിലൂടെ വീണ്ടും സഞ്ചാരികളെ സംസ്ഥാനത്തേക്കും വയനാട്ടിലേക്കും കൊണ്ടുവരുന്നതിൽ സർക്കാർ വിജയിക്കുകയുണ്ടായി. അത്തരം ക്യാമ്പയിനുകൾക്കെല്ലാം മന്ത്രി തന്നെ നേതൃത്വം നൽകുകയായിരുന്നു. പൊതുമരാമത്ത് വകുപ്പിലേക്ക് വന്നാലും കേരളത്തിലെ സംസ്ഥാന പാതകളുടെ സൗന്ദര്യം തന്നെ എടുത്തു പറയേണ്ടതാണ്. അടിമുടി മാറ്റം വരുത്തുവാൻ റിയാസിന്റെ നേതൃത്വത്തിന് കഴിഞ്ഞു. നിരന്തരമുള്ള അദാലത്തുകളും ജനങ്ങളുടെ പ്രശ്നം നേരിട്ട് കേൾക്കുന്ന ഫോൺ ഇൻ പരിപാടികളും ഏറെ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയത്. റിയാസിന്റെയും ടൂറിസം പൊതുമരാമത്ത് വകുപ്പുകളുടെയും പ്രവർത്തനങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ സുവർണ്ണ നേട്ടങ്ങളായി മാറുമ്പോൾ മറ്റെല്ലാ വകുപ്പുകളും റിയാസിന് പിന്നാലെ സഞ്ചരിക്കുകയാണ്.




