കൊച്ചി: മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് സന്ദേശം അയക്കുന്നതിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയവർക്കു നന്ദി അറിയിക്കേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരത്തെ ജീവനക്കാർക്ക് അയച്ചതുപോലെ വാട്സ്ആപ്പ് സന്ദേശങ്ങൾ സർക്കാർ അയക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും സന്ദേശമയക്കാൻ അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചത്.
മുണ്ടക്കൈ–ചൂരൽമല ദുരിതബാധിതർക്കായി വീടുകൾ നിർമ്മിച്ച് കൈമാറിയ സാഹചര്യത്തിൽ, സഹായം നൽകിയവർക്ക് മുഖ്യമന്ത്രിയുടെ പേരിൽ നന്ദി സന്ദേശം അയക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച അപേക്ഷ സമർപ്പിച്ചാൽ പരിശോധിക്കാമെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാർ ഇത്തരത്തിൽ സന്ദേശം അയക്കുന്നത് രാഷ്ട്രീയപരമായി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുണ്ട്.



