തൃശൂർ: മുണ്ടത്തിക്കോട് 17 പേരുടെ മരണത്തിനിടയായ വെടിക്കെട്ട് പുര ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സർക്കാരിനും കൊച്ചിൻ ദേവസ്വം ബോർഡിനും തിരുവമ്പാടി ദേവസ്വത്തിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16നകം വിശദീകരണം നൽകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.
തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലാണ് ഏപ്രിൽ 21ന് വൻ സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം കിലോമീറ്ററുകൾ അകലെയുവരെ കേട്ടിരുന്നു.
അപകടത്തിന് പിന്നാലെ സമീപത്തെ പാടശേഖരങ്ങളിൽ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന ദാരുണ ദൃശ്യങ്ങളാണ് കണ്ടത്. 500 മീറ്റർ അകലെയുവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണതായി റിപ്പോർട്ടുകളുണ്ടായിരുന്നു.സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരാണ് അന്വേഷണ കമ്മിഷൻ ചെയർമാനായി നിയമിതനായിരിക്കുന്നത്.





