ന്യൂഡൽഹി: ഭർതൃവീട്ടിലെ മൂന്നാംനില ടെറസിൽ നിന്ന് വീണ് മരിച്ച 25കാരി ദീപിക നഗറിന്റെ മരണത്തിൽ കൊലപാതക സംശയം ശക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വീഴുന്നതിന് മുൻപ് ദീപിക ക്രൂരമായ ശാരീരിക മർദ്ദനത്തിന് ഇരയായിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതും പ്ലീഹ തകർന്നതുമാണ് മരണകാരണമെന്ന് മെഡിക്കൽ റിപ്പോർട്ട് പറയുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക രക്തസ്രാവം കാരണം ഹൃദയ അറകൾ ശൂന്യമായ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഭർതൃവീട്ടിൽ നിന്ന് ദീപിക വീണ് മരിച്ചത്. വിവാഹം കഴിഞ്ഞ് 17 മാസം മാത്രമാണ് കഴിഞ്ഞിരുന്നത്. വിവാഹത്തിനായി ഏകദേശം ഒരു കോടി രൂപ ചെലവഴിച്ചിരുന്നുവെന്ന് ദീപികയുടെ കുടുംബം പറയുന്നു.
എന്നാൽ അതിന് ശേഷവും ഭർത്താവ് റിതിക് തൻവാറും കുടുംബവും സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടർന്നിരുന്നുവെന്ന് പിതാവ് സഞ്ജയ് നഗർ ആരോപിച്ചു. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയും 45 മുതൽ 50 ലക്ഷം രൂപവരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെന്നും, ഇതിനുമുമ്പ് സ്കോർപിയോ കാറും പണവും നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് ദീപിക പിതാവിനെ വിളിച്ച് കരഞ്ഞുകൊണ്ട് മർദ്ദന വിവരം അറിയിച്ചിരുന്നതായും സഞ്ജയ് നഗർ വെളിപ്പെടുത്തി. തുടർന്ന് പ്രശ്നം പരിഹരിക്കാൻ ഭർതൃവീട്ടിൽ എത്തിയ ശേഷം മടങ്ങിയതിനു പിന്നാലെ, ദീപിക ടെറസിൽ നിന്ന് വീണ് പരിക്കേറ്റെന്നറിയിച്ച് രാത്രി ഫോൺ വന്നതായും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെത്തുമ്പോഴേക്കും മകൾ മരിച്ച നിലയിലായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് റിതിക് തൻവാറിനെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.






