കുവൈത്ത് സിറ്റി: കുവൈത്തിൽ മണലിൽ ഒളിപ്പിച്ച ലഹരിമരുന്ന് പുറത്തെടുക്കുന്നതിനിടെ രണ്ട് പ്രവാസികൾ പിടിയിലായി. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ സപ്പോർട്ട് പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് ഏഷ്യൻ വംശജരായ രണ്ട് ഡ്രൈവർമാരെ അറസ്റ്റ് ചെയ്തത്.
സഹ്റ മേഖലയിലെ ഒരു പൊതു പാർക്കിംഗ് സ്ഥലത്ത് മണൽ തുരന്ന് എന്തോ പുറത്തെടുക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കുകയായിരുന്നു. പൊലീസ് സമീപിക്കുന്നതായി മനസിലായതോടെ പ്രതികൾ വാഹനത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി.
തുടർന്ന് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈൻ (ഷാബു) അടങ്ങിയ 12 സുതാര്യ പ്ലാസ്റ്റിക് പൗച്ചുകൾ കണ്ടെത്തി. പിടിയിലായവർ കുവൈറ്റിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്ന ഏഷ്യൻ സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു.
ലഹരിമരുന്ന് കടത്തിനായി ഉപയോഗിച്ച വാഹനം പ്രതികളിൽ ഒരാളുടെ സ്പോൺസറുടേതാണെന്നും, എന്നാൽ അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് സ്പോൺസറിന് അറിവില്ലായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കി.






