ആലപ്പുഴ: തോട്ടപ്പള്ളി ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളെന്ന് പൊലീസ്. സംഭവത്തില്‍ മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വയോധികയുടെ കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം പ്രതിയായ അബുബക്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അബൂബക്കര്‍ മാത്രമല്ല, കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
മുന്‍ മോഷണ കേസ് പ്രതിയെയും ഭാര്യയെയുമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അബൂബക്കര്‍ വീട്ടില്‍ നിന്ന് മടങ്ങിയ ശേഷം ദമ്പതികള്‍ മോഷ്ടിക്കാന്‍ എത്തി. വൈദ്യുതി വിച്ഛേദിച്ചതും വീടിനകത്ത് മുളക് പൊടി വിതറിയതും ഇവരാണെന്നാണ് പുതിയ കണ്ടെത്തലുകള്‍. അബൂബക്കറിനെതിരെ ബലാത്സംഗകുറ്റം നിലനില്‍ക്കുമെന്നും കൊലപാതകം നടത്തിയത് അബൂബക്കര്‍ ആണോ മോഷ്ടാക്കള്‍ ആണോ എന്ന് ഉറപ്പ് വരുത്തണമെന്നും പൊലിസ് അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് ഒറ്റപ്പനയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു. മുറിക്കുള്ളില്‍ മുളകുപൊടി വിതറിയ നിലയില്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തിലും മുഖത്തും പാടുകളും കണ്ടെത്തിയിരുന്നു.






